Monday, July 16, 2012


(മലയാളത്തിന്റെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം- ഈ അഭിമുഖം 2012 ജൂലൈ 15ന് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു)
വര വഴിയിലെ കൃഷ്ണ സ്പര്‍ശം

- ഫിര്‍ദൗസ് കായല്‍പ്പുറം

വരവര്‍ണങ്ങള്‍ കൊണ്ട് അനുഭൂതിയുടെ ഒരു പ്രപഞ്ചം തീര്‍ക്കുക, അതിനെ സാമൂഹ്യ വിമര്‍ശനത്തിന്റെ ഏറ്റവും ശക്തമായ മാധ്യമമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക. ചിരിയും ചിന്തയും ഇഴചേരുന്ന വരകളുടെ ലോകത്ത് അരനൂറ്റാണ്ടിന്റെ അനുഭവമാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്.
1970കളിലും 80കളിലും മലയാള മധ്യവര്‍ഗത്തിന്റെ വായനാ സംസ്‌കാരത്തില്‍ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച വരകളും ആശയങ്ങളും നിരവധിയായിരുന്നു. സര്‍ഗാത്മകതയുടെ വിവിധ രൂപങ്ങള്‍ ആധുനികതക്കും ഉത്തരാധുനികതക്കും വഴിമാറിയപ്പോഴും കാര്‍ട്ടൂണ്‍ എന്ന അനുഭവത്തിന് കാലാതിവര്‍ത്തിയായ ഒരു ഇരിപ്പിടം ലഭിച്ചു. അത് പലപ്പോഴും പ്രതിരോധങ്ങളായിരുന്നില്ല, ആക്രമണങ്ങളോ പ്രത്യാക്രമണങ്ങളോ ആയിരുന്നു. സായുധനായ ഒരു ഭടന്റെ മുഖമാണ് കാര്‍ട്ടൂണിസ്റ്റിനെ വ്യത്യസ്തനാക്കുന്നത്. ഈ വര്‍ഗത്തില്‍ വമ്പന്മാരുടെ പരമ്പര തന്നെയുണ്ടായിട്ടുണ്ട്. അതില്‍ വിസ്മരിക്കാനാവാത്ത ഒരു നാമമാണ് പി.വി കൃഷ്ണന്‍.
ഒരേസമയം ഒരു സര്‍ഗാത്മക പ്രക്രിയയായും പ്രതികരണത്തിന്റെ തീക്ഷ്ണാവസ്ഥയിലുള്ള മാധ്യമ പ്രവര്‍ത്തനമെന്നും വ്യാഖ്യാനിക്കപ്പെടാവുന്ന കാര്‍ട്ടൂണ്‍, രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളില്‍ നടത്തിയ അടയാളപ്പെടുത്തലുകള്‍ ശ്രദ്ധേയമാണ്. മലയാള മാധ്യമങ്ങളുടെ ചരിത്രത്തിലൂടെ ഒരു നിക്ഷ്പക്ഷ യാത്ര നടത്തിയാല്‍ പി.വി കൃഷ്ണന്‍ കോറയിട്ട വരയുടെ വഴികള്‍ക്ക് തിളക്കമേറെ. ഒരു കാര്‍ട്ടൂണിസ്റ്റ് എന്നതിനപ്പുറം, സംസ്ഥാന ഭരണകൂടം നടപ്പിലാക്കിയ വിപ്ലവകരമായ പല ദൗത്യങ്ങളിലും പി.വി കൃഷ്ണന്റെ കയ്യൊപ്പ് പതിഞ്ഞു. പരിസ്ഥിതി സംരക്ഷണം, എ.കെ ആന്റണിയുടെ ചാരായ നിരോധന പ്രഖ്യാപനം തുടങ്ങി ചരിത്രം കുറിച്ചിട്ട ഒട്ടേറെ അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ക്ക് വര സമ്മാനിച്ചത് ഈ കരങ്ങളായിരുന്നു.
അമ്പത് വര്‍ഷക്കാലത്തെ വര ഇദ്ദേഹത്തിന് ജീവിതം തന്നെയാണ്. ധാര്‍മിക മൂല്യങ്ങള്‍ തമസ്‌കരിക്കരിക്കപ്പെടുന്ന സമൂഹത്തില്‍ കാര്‍ട്ടൂണിന് എല്ലാ കാലത്തും പ്രസക്തിയുണ്ടെന്ന് വിശ്വസിക്കുന്ന പി.വി കൃഷ്ണന്‍ ജീവിതവും വരയും അനുഭവവും പങ്കുവെക്കുമ്പോള്‍ തികഞ്ഞ സംതൃപ്തി. കാഴ്ചപ്പാടുകള്‍ നിര്‍ഭയം അവതരിപ്പിക്കാനാകുന്നതാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഇദ്ദേഹം അടിവരയിടുന്നു...

ഉറുമ്പ് വിപ്ലവം

വഴി നടന്നുപോയ ഒരാള്‍ ഒരു ഉറുമ്പിനെ ചവിട്ടിക്കൊന്നു. മറ്റ് എല്ലാ ഉറുമ്പുകളും ചേര്‍ന്ന് പ്രതിഷേധിച്ചു. കൂട്ടത്തിലൊരു ഉറുമ്പിനെ കൊന്നയാളെ വെറുതേ വിടരുതെന്ന് തീരുമാനിച്ചു. അയാളുടെ കണ്ണ് കുത്തിപ്പൊട്ടിക്കണം. ഉറുമ്പുകള്‍ കൂട്ടുമായി തീരുമാനമെടുത്തു. ദൗത്യം ഏറ്റെടുത്ത് ആദ്യം പോയത് ഉറുമ്പുകളുടെ നേതാവ്. സമയം ഏറെയായിട്ടും നേതാവ് തിരിച്ചുവന്നില്ല. പിന്നെ രണ്ടാമന്‍ പോയി. തുടര്‍ന്ന് മൂന്നാമനും. ആരും തിരിച്ചെത്തുന്നില്ല. ഒടുവില്‍ ഉറുമ്പുകള്‍ കൂട്ടത്തോടെ ശത്രുപാളയത്തിലെത്തി. പോയ ഉറുമ്പുകളെല്ലാം ശത്രുവിന്റെ വായ്ക്ക് ചുറ്റും കറങ്ങുകയാണ്. കുത്തിപ്പൊട്ടിക്കാന്‍ ഉന്നംവെച്ച കണ്ണിനടുത്തേക്ക് ഒരു ഉറുമ്പുപോലും പോയില്ല. കാരണം അയാള്‍ മധുര പലഹാരം കഴിച്ചിരുന്നു.- വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പി.വി കൃഷ്ണന്റെ 'വിപ്ലവം' എന്ന കാര്‍ട്ടൂണിന്റെ പ്രമേയമാണിത്. സ്വാര്‍ത്ഥ വികാരത്തെയും സംഘശക്തിയുടെ ദൗര്‍ബല്യത്തെയും ഇതിലും സൂക്ഷ്മമായി എങ്ങനെ അവതരിപ്പിക്കാനാവും...? ഇരയാക്കപ്പെടുന്നവന് നീതി നിഷേധിക്കുന്നതും സമൂഹം വേട്ടക്കാരന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതിന്റെ ഒരു പ്രതീകാത്മക ആവിഷ്‌കാരം. കാലത്തിന്റെ മാറ്റങ്ങള്‍ സാമൂഹ്യ ജീവിതത്തില്‍ വിതയ്ക്കുന്ന അകലങ്ങള്‍ തുറന്നുകാട്ടുന്ന നൂറുകണക്കിന് രചനകളാണ് ഇത്തരത്തില്‍ പി.വി.കെ മലയാളത്തിന് സമ്മാനിച്ചത്.

വരയിലെ വിജയവും ആദ്യത്തെ തോല്‍വിയും

നാട്ടിടവഴികള്‍ താണ്ടി വയല്‍വരമ്പുകളിലൂടെയുള്ള സൈക്കിള്‍ യാത്രകളിലാണ് ബാല്യത്തെക്കുറിച്ചുള്ള ആദ്യ ഓര്‍മ്മകള്‍ ചെന്നുനില്‍ക്കുന്നത്. പ്രകൃതിയുടെ സൗകുമാര്യതയില്‍ വല്ലാതെ ലയിച്ചുനിന്നിട്ടുണ്ട്. ആ പച്ചപ്പുകളില്‍ നിന്നാകണം വരയുടെ ആദ്യത്തെ ഉറവയുണ്ടായത്. സ്‌കൂളില്‍ കൊണ്ടുപോകുന്ന തുണിസഞ്ചിയുടെ പുറത്ത് പേന കൊണ്ട് വരച്ചതാകണം ആദ്യത്തെ ചിത്രം. അതുകണ്ട് സഹപാഠികള്‍ ചിരിച്ചു. എന്തുതന്നെ വരച്ചാലും ആ വരകള്‍ക്ക് ജീവന്‍വെക്കുന്നത് അത്ഭുതത്തോടെ നോക്കിനിന്ന കുട്ടിയായിരുന്നു താന്‍. ചിത്രങ്ങളില്‍ എന്തൊക്കെയോ ഉണ്ടെന്ന് കണ്ടെത്തിയത് കെ.കെ ആചാരി- സ്‌കൂളിലെ ചിത്രകലാധ്യാപകനായിരുന്നു അദ്ദേഹം. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ആചാരി സാറിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ചെയ്തത് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശേരി. അതോടെ വരകളുടെ ലോകത്തേക്കുള്ള കാല്‍വെപ്പ് തുടങ്ങിയെന്ന് പറയാം. ആചാരി സാറിന്റെ വീട്ടില്‍ തനിക്കും മറ്റ് നാല് കുട്ടികള്‍ക്കും പ്രത്യേക പരിശീലനം നല്‍കി. ചിത്രകലയുടെ ലോവറും ഹയറും പാസായപ്പോള്‍ ഒമ്പതാം ക്ലാസില്‍ ആദ്യത്തെ തോല്‍വി. ഇതറിഞ്ഞ് അച്ഛന്‍ രാമന്‍ നായര്‍ ക്ഷുഭിതനായി- '' കൃഷ്ണന്‍ ഇനി പഠിക്കേണ്ടതില്ല. തയ്യല്‍ പഠിക്കാന്‍ പോകുന്നതാണ് നല്ലത്''. എന്നാല്‍ വിധി അതായിരുന്നില്ല.
പത്താം ക്ലാസ് കഴിഞ്ഞ് രണ്ട് ആഴ്ചക്കകം ബേയ്ക്കല്‍ ഫിഷറീസ് ഹൈസ്‌കൂളില്‍ ചിത്രകലാധ്യാപകനായി ജോലി. പിന്നെ, വരയിലെ ജീവിതം ആസ്വദിച്ച് മുന്നോട്ട്. 1963ല്‍ മായ്പാടി ബേസിക് ട്രൈനിംഗ് സ്‌കൂളില്‍ അധ്യാപകനായി പി.എസ്.സി നിയമനം. ഇതേ സ്‌കൂളില്‍ അധ്യാപകനായി എത്തിയ കെ.എം അഹമ്മദാണ് ജീവിതത്തില്‍ വഴിത്തിരിവിന് ഇടയാക്കിയത്. ടി. ഉബൈദും കോഴിക്കോട്ടെ സാഹിത്യ സായാഹ്നങ്ങളുമായി ഇടപെടുന്നത് അങ്ങനെയായിരുന്നു. കലയുടെയും സാഹിത്യത്തിന്റെയും കാര്‍ട്ടൂണിന്റെയും വലിയ വാതിലുകളാണ് കോഴിക്കോട് തനിക്ക് മുന്നില്‍ തുറന്നിട്ടത്. കെ.എം അഹമ്മദ് മാതൃഭൂമിയിലെത്തിയതോടെ തന്റെ വരകള്‍ മാധ്യമങ്ങളിലേക്കും എത്തിത്തുടങ്ങി.
1973ല്‍ കേരളത്തിലെ അധ്യാപകര്‍ മുഴുവനും പണിമുടക്കിയപ്പോള്‍ വിദ്യാലയങ്ങള്‍ മാസങ്ങളോളം അടഞ്ഞുകിടന്നു. ആ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയശതമാനം ദയനീയമായിരുന്നു. 'ധര്‍മസമരം തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല' എന്നായിരുന്നു അന്ന് അധ്യാപകരുടെ മുദ്രാവാക്യം. ഈ മുദ്രാവാക്യം ആലേഖനം ചെയ്ത പ്ലക്കാര്‍ഡ് ഉയര്‍ത്തി ഒരു ഭീമന്‍ മാലാഖ കുറേ തലയോട്ടികളില്‍ ചവിട്ടി നില്‍ക്കുന്ന കാര്‍ട്ടൂണ്‍- ഇന്നും വിസ്മരിക്കാനാവാത്തതാണ് അന്ന് മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍. വരകളും എഴുത്തും തുടരുമ്പോള്‍ ഭാര്യ മെഴ്‌സി ടീച്ചറും മക്കളായ രേഖയും ബിന്ദുവും മികച്ച പിന്തുണയുമായി കൂടെയുണ്ട്.

കുട്ടനും പരിണാമവും

1943ല്‍ കണ്ണൂര്‍ ജില്ലയിലെ അരോളിയില്‍ സി. രാമന്‍നായരുടെയും കല്യാണിയമ്മയുടെയും മകനായി ജനനം. 1962 മുതല്‍ ചിത്രരചനയുടെ ലോകത്ത് സജീവം. 1963ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1976ല്‍ ഗവ. സെക്രട്ടറിയേറ്റില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിയമിതനായി. സര്‍ക്കാരിന്റെ പോസ്റ്ററുകള്‍, പരസ്യങ്ങള്‍, സര്‍ക്കാര്‍ നപടി ക്രമങ്ങളില്‍ ചിത്രങ്ങള്‍ വേണ്ടതായ ഇതര മേഖലകള്‍ എന്നിവക്കൊപ്പം 1977 മുതല്‍ ഇന്നും തുടരുന്ന 'കുങ്കുമ'ത്തിലെ സാക്ഷി എന്ന പംക്തി. മാതൃഭൂമിയുടെ നര്‍മഭൂമിയില്‍ 'പരിണാമം' എന്ന കാര്‍ട്ടൂണ്‍ പരമ്പര. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വളരെ പ്രശസ്തമായ 'കുട്ടന്‍ കണ്ടതും കേട്ടതും' തുടങ്ങി ഒട്ടേറെ ആശയാവിഷ്‌കാരങ്ങള്‍.
വരയിലും എഴുത്തിലുമെന്നപോലെ ജീവിതത്തിലും മാനുഷിക മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും മുന്‍ഗണന. 1972ല്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിച്ച് മെഴ്‌സിയെ ജീവിതസഖിയാക്കുമ്പോള്‍ രജിസ്ട്രര്‍ കച്ചേരിയില്‍ ഒന്നാംസാക്ഷിയായത് അയിത്തോച്ചാടകനായ സ്വാമി ആനന്ദതീര്‍ത്ഥന്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തുടരുമ്പോഴും സര്‍ഗാത്മകത മൂടിവെക്കാതെ സാമൂഹ്യ വിമര്‍ശനത്തിന്റെ പുതിയ ശൈലിക്ക് സ്വതന്ത്രമായ പാത കണ്ടെത്തി. അപ്പോഴും കെ. കരുണാകരന്‍, ഇ.കെ നായനാര്‍, എ.കെ ആന്റണി തുടങ്ങിയ മുഖ്യമന്ത്രിമാരുടെ ഇഷ്ട കലാകാരന്‍. സംസ്ഥാനത്ത് ചാരായം നിരോധിച്ചപ്പോള്‍ ഡിസൈന്‍ ചെയ്ത രണ്ട് പോസ്റ്ററുകള്‍ ചരിത്രത്തിലെ അപൂര്‍വ സന്ദേശത്തിന്റെ ഓര്‍മചിത്രമായി ഇന്നും സെക്രട്ടറിയേറ്റിലുണ്ട്. മുറിച്ചുമാറ്റപ്പെട്ട മരത്തിന്റെ കുറ്റിയില്‍ ഇരുകാലുകള്‍ക്കിടയില്‍ അമര്‍ത്തിപ്പിടിച്ച മുട്ടയുമായി ഇരിക്കുന്ന പക്ഷിയുടെ ദൈന്യതയാണ് 1985ലെ സുപ്രസിദ്ധമായ പരിസ്ഥിതി സംരക്ഷണ പോസ്റ്റര്‍. ഇതിന് സംസ്ഥാന സര്‍ക്കരിന്റെ പുരസ്‌കാരം ലഭിച്ചു.

കാര്‍ട്ടൂണിസ്റ്റിന്റെ നിലപാട്

അനീതിയില്‍ നിന്നും സ്‌നേഹശൂന്യതയില്‍ നിന്നും തിന്മകളില്‍ നിന്നുമൊക്കെയാണ് ഒരു കാര്‍ട്ടൂണ്‍ ജനിക്കുന്നത്. 'ഈ പോക്ക് ശരിയാവില്ലല്ലോ; ഇത് തിരുത്തപ്പെടണമല്ലോ' എന്ന ആദ്യപ്രതികരണം കാര്‍ട്ടൂണിസ്റ്റിന് ഉണ്ടാകുന്നു. അടുത്ത ഘട്ടത്തില്‍ ലക്ഷ്യത്തിലേക്ക് തൊടുക്കേണ്ട അമ്പിനെക്കുറിച്ചുള്ള ബോധ്യം. അത് ചെന്നുതറയ്ക്കുന്നിടത്തെ ധാര്‍മിക മുഖം. അതായത് നന്മയുടെ സന്ദേശം- ഇതാണ് ഒരു കാര്‍ട്ടൂണിസ്റ്റിന് സമൂഹത്തിന് നല്‍കാന്‍ കഴിയുക. നര്‍മത്തില്‍ പുരട്ടിയ ആക്ഷേപഹാസ്യമാണ് വേണ്ടത്. അനീതിയും തിന്മയും നിറഞ്ഞ് സമൂഹത്തെ വല്ലാത്തൊരു ശൂന്യതയിലേക്ക് തള്ളിവിടുമ്പോള്‍ മാനവിക സ്‌നേഹത്തിന്റെ നിലപാടുതറയില്‍ നില്‍ക്കാനേ കാര്‍ട്ടൂണിസ്റ്റിന് കഴിയൂ.
വരയുടെ അമ്പത് വര്‍ഷങ്ങളില്‍ ശങ്കര്‍, ഒ.വി വിജയന്‍, അരവിന്ദന്‍, അബു എന്നിവരാണ് സ്വാധീനിച്ച കാര്‍ട്ടൂണിസ്റ്റുകള്‍. ഇവരൊക്കെ വരയെ കേവലം കല എന്നതിനപ്പുറം വ്യവസ്ഥകളോട് കലഹിക്കുന്ന ഏറ്റവും കരുത്തുറ്റ സംവേദന മാര്‍ഗമായി കണ്ടവരാണ്. ശങ്കര്‍ ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല വമ്പന്മാരെയും അമ്പെയ്ത് വീഴ്ത്താനും നല്ലവഴിക്ക് നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്ന അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ പോലും നല്ല അനാട്ടമിയും ലോകവിവരവും ദീര്‍ഘ ദര്‍ശനവും വ്യക്തമായിരുന്നു. വിജയന്റെയും അബുവിന്റെയും കാര്‍ട്ടൂണുകള്‍ ഉയര്‍ന്ന ചിന്ത ആവശ്യപ്പെടുന്നതാണ്. ഇരുവരുടെയും വരകള്‍ക്ക് മികച്ച സംവേദന ശേഷിയുണ്ടായിരുന്നു. തപസ്യാസമാനമായ ശൈലി കണ്ടെത്തിയാണ് വിജയന്‍ സ്വന്തം ഇടം അടയാളപ്പെടുത്തിയത്.

സാക്ഷി- മന:സാക്ഷി

സ്വന്തം കാര്‍ട്ടൂണ്‍ അച്ചടിച്ചുകാണുമ്പോള്‍ ആദ്യകാലത്ത് തോന്നുന്ന ഒരു ത്രില്ലുണ്ട്. അതിപ്പോഴും അങ്ങനെ തന്നെയാണ്. സാക്ഷി എന്ന കുങ്കുമത്തിലെ പംക്തി ഇന്നും തുടരുമ്പോള്‍ സാക്ഷി മനസാക്ഷിയായാണ് കാണുന്നത്. പറയാനുള്ളത് ഏറ്റവും ശക്തിയോടെ പറയാനാകുന്ന മാധ്യമമാണ് കാര്‍ട്ടൂണ്‍. വായനക്കാരെ ചിരിപ്പിക്കുക, ചിന്തിപ്പിക്കുക, ആനന്ദിപ്പിക്കുക എന്നതിലുപരി ഒരു തിരുത്താണ് കാര്‍ട്ടൂണ്‍. പഴകിപ്പോയ വ്യവസ്ഥകളെയും ലിഖിതവും അലിഖിതവുമായ ചില നിയമങ്ങളെയും ആക്ഷേപത്തിന്റെ അഗ്നിയില്‍ ലയിപ്പിച്ച് കളയുന്ന തിരുത്ത്.
വായനയും ചിന്തയും വിശകലനവും- എല്ലാ സാഹിത്യ രൂപങ്ങളുടെയും അന്തരാത്മാവ് തേടിയുള്ള യാത്രയും ഈ കാര്‍ട്ടൂണിസ്റ്റിന് പരിചിതം. വി.കെ.എന്നും അയ്യപ്പപണിക്കരും ഇഷ്ട എഴുത്തുകാര്‍. വി.കെ.എന്നിന്റെ എന്തുകിട്ടിയാലും വായിക്കും. സാമൂഹ്യ വിമര്‍ശനത്തിന്റെ ശക്തവും ഗൗരവവും നിലവാരമുള്ളതുമായ ഹാസ്യശാഖയുടെ ഉദ്ഘാടകന്‍ സഞ്ജയനായിരുന്നു. വാക്കുകള്‍ കൊണ്ട് കാര്‍ട്ടൂണ്‍ വരച്ചതാണ് കുഞ്ചന്‍ നമ്പ്യാരുടെ മഹത്വം. ആധുനികത താളത്തില്‍ ഇതള്‍ വിരിയുന്ന അനുഭവമാണ് കാനായി കുഞ്ഞിരാമന്റെ ശില്‍പങ്ങള്‍. അനായാസമായും അനുപാതം തെറ്റാതെയും എന്നാല്‍ കരുതിക്കൂട്ടി അനുപാതം തെറ്റിച്ചും വിസ്മയങ്ങള്‍ തീര്‍ത്തയാളാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി.
ആനുകാലിക സംഭവവികാസങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് ഒരു കാര്‍ട്ടൂണിസ്റ്റിന് വേണ്ട പ്രധാന ഗുണം. അതുകൊണ്ടുതന്നെ ഇടുക്കിയില്‍ എം.എം മണി കൊലവിളി നടത്തുമ്പോഴും ടി.പിയെ പോലൊരു നേതാവ് ദാരുണമായി കൊല്ലപ്പെടുമ്പോഴും ഈ 'സാക്ഷി'ക്ക് നിശബ്ദനാകാനാവില്ല. സമൂഹത്തിന് നോവുമ്പോള്‍ കാര്‍ട്ടൂണിസ്റ്റിന്റെ ആവനാഴിയില്‍ അമ്പുകള്‍ കുന്നുകൂടും.





1 comment:

  1. വാക്കിന്റെ മുനയിൽ തീക്കരുത്ത് വിഷമായ് പുരട്ടി സമൂഹത്തിന്റെ ഗർവ്വുകൾക്കുനേരെ പായിക്കുന്ന കാലത്തിന്റെ കരുത്തനായ കാലിക ‘സാക്ഷി‘. ആ മനസ്സ് അറിഞ്ഞുള്ള ഈ വാക്കുകൾക്ക് ഭാവുകങ്ങൾ..

    ReplyDelete